വിവിധ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനൊരുങ്ങി ഉത്തര കൊറിയ. ചെലവുചുരുക്കലിന്റെ ഭാഗമായാണ് എംബസികള്‍ പൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തു രാജ്യങ്ങളിലെ എംബസികൾ അടയ്ക്കാനാണ് തീരുമാനം.
നിലവിൽ 150 -ലേറെ രാജ്യങ്ങളിലാണ് ഉത്തര കൊറിയയ്ക്ക് എംബസികളുള്ളത്. ഇതില്‍ സ്പെയിൻ, ഹോങ്കോങ്, അംഗോള, ഉഗാണ്ട എന്നിവിടങ്ങളിലുള്ള എംബസികള്‍ ഉള്‍പ്പടെ പത്തു രാജ്യങ്ങളിലെ എംബസികൾ അടയ്ക്കാനാണ് ഉത്തര കൊറിയയുടെ നീക്കം. നാലു രാജ്യങ്ങളിലെ എംബസികള്‍ ഇതിനോടകം പൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ആഗോള പരിതസ്ഥിതിയും രാജ്യത്തിന്റെ വിദേശനയവും പരിഗണിച്ചാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര ഉപരോധങ്ങൾ ഉത്തര കൊറിയയുടെ സാമ്പത്തികനിലയെ ബാധിച്ചതിനെതുടര്ന്നുണ്ടായ ചെലവുചുരുക്കലിന്റെ ഭാഗമായാണ് തീരുമാനമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുമുമ്പ്, 1990 -ൽ സമാനസാഹചര്യത്തിൽ എംബസികളുടെ എണ്ണം ഉത്തര കൊറിയ കുറച്ചിരുന്നു.