ഇരുപതു മാസത്തിലധികമായി തുടരുന്ന യുക്രൈന് അധിനിവേശത്തിന്ന്റെ പശ്ചാത്തലത്തില്‍, റഷ്യയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് അമേരിക്കയുടെ ഉപരോധം. റഷ്യയുമായി ബന്ധമുള്ള 130 സ്ഥാപനങ്ങൾക്കാണ് അമേരിക്ക ഉപോരോധം ഏര്‍പ്പെടുത്തിയത്. യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സാങ്കേതികവിദ്യയും മറ്റു സഹായങ്ങളും നല്‍കിയെന്ന് ആരോപിച്ചാണ് ഉപരോധം.
യുക്രൈന് അധിനിവേശത്തിനുപിന്നാലെ സമാനമായി അമേരിക്ക, റഷ്യയുമായി ബന്ധമുള്ള നൂറുകണക്കിന് വ്യക്തികൾക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയുടെ ഉപരോധനീക്കത്തിനു പിന്നാലെ യൂറോപ്യൻ യൂണിയനും മറ്റുചില രാജ്യങ്ങള്‍കൂടി റഷ്യയ്ക്കെതിരെ ഉപരോധ നടപടികളുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇത്തരം ഉപരോധങ്ങളെ ചൈന, ഇന്ത്യ, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ മറികടക്കാനായിരുന്നു റഷ്യയുടെ ശ്രമം. ഈ സാഹചര്യത്തിലാണ് ചൈന, തുർക്കിയ, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നും റഷ്യയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് അമേരിക്ക വീണ്ടും ഉപരോധം തീര്‍ത്തത്.
അന്താരാഷ്ട്ര ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും മറികടക്കാൻ റഷ്യ മൂന്നാംലോക രാജ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതായും ഈ വിതരണശൃംഖല മുറിക്കാനാണ് പുതിയ ഉപരോധം ഏർപ്പെടുത്തുന്നതെന്നും യു.എസ് ട്രഷറി സെക്രട്ടറി ജെയ്ൻ യെല്ലെൻ പറഞ്ഞു. അതേസമയം, ഉപരോധത്തെ സ്വാഗതംചെയ്യുന്നതായി യുക്രൈന് പ്രസിഡന്റ് വ്ലീഡിമാര് സെലന്‍സ്കി വ്യക്തമാക്കി.