Tuesday, November 26, 2024

ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന യുഎസ് കപ്പല്‍ തടഞ്ഞിട്ട് പ്രക്ഷോഭകര്‍

ഇസ്രായേലിലേയ്ക്ക് ആയുധങ്ങളുമായി പോകുന്ന കപ്പല്‍ യുഎസിലെ ഓക്ലന്‍ഡ് തുറമുഖത്ത് തടഞ്ഞിട്ട് പ്രക്ഷോഭകര്‍. വെള്ളിയാഴ്ച രാവിലെയാണ് 200 ഓളം പേര്‍ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിന് സൈനിക സഹായം നല്‍കരുതെന്നും വെടിനിര്‍ത്തണമെന്നുമുള്ള ബാനറുകളും പലസ്തീന്‍ പതാകകളുമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കേപ് ഒര്‍ലന്‍ഡോ എന്ന കപ്പലില്‍ കയറിയും മുമ്പില്‍ നിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചും പുറപ്പെടുന്നത് തടയുകയായിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്. ജൂത വിഭാഗക്കാരായ നിരവധി പേര്‍ ഇതില്‍ പങ്കാളികളായി. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ ഉപയോഗിച്ച കപ്പലാണ് കേപ് ഒര്‍ലാന്‍ഡോ. 2014 ലും ഇതേ രീതിയില്‍ ഓക്ലന്‍ഡില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.

യുഎസ് സാമ്രാജ്യത്വം ലോകത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയെന്നും യുഎസും ഇസ്രായേലും ചേര്‍ന്ന് ഇപ്പോള്‍ വലിയ യുദ്ധക്കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. ഒമ്പത് മണിക്കൂറിന് ശേഷം കപ്പല്‍ പുറപ്പെട്ടെങ്കിലും അടുത്ത സ്റ്റോപ്പില്‍ കാണാമെന്ന് പ്രക്ഷോഭകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

Latest News