തന്റെ ആത്മകഥ പിന്‍വലിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കോപ്പികള്‍ പിന്‍വലിക്കണമെന്ന് പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എസ് സോമനാഥിന്റെ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയാണ് പിന്‍വലിക്കുന്നത്. ആത്മകഥയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം.
‘പുസ്തകം ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. ചില റിവ്യൂ കോപ്പികള്‍ പത്രക്കാര്‍ കണ്ടതായി കരുതുന്നു. അനാവശ്യ വിവാദങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തത്ക്കാലം പിന്‍വലിക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം” സോമനാഥ് പറഞ്ഞു.
ഉന്നതങ്ങളിലേക്ക് എത്തും തോറും നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചത്. അതില്‍ മുന്‍ ഐഎസ്ആര്‍ഒ മേധാവി ഡോ. ശിവന്‍ എന്നെ തടഞ്ഞെന്നോ തടസപ്പെടുത്തിയെന്നോ പരാമര്‍ശിച്ചിട്ടില്ല.
2018ല്‍ എ എസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയില്‍ വന്നുവെന്നും എന്നാല്‍ ശിവനാണ് അന്ന് ചെയര്‍മാനായതെന്നും സോമനാഥ് പറഞ്ഞതായാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 60 വയസു കഴിഞ്ഞ് എക്സ്റ്റന്‍ഷനില്‍ തുടരുകയായിരുന്നു ശിവന്‍ അപ്പോള്‍. അന്ന് ചെയര്‍മാന്‍ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയര്‍മാന്‍ ആയ ശേഷവും ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല.
ഒടുവില്‍ വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ ഡോ. ബി എന്‍ സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും പുസ്തകത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. കുട്ടിക്കാല ജീവിതം മുതല്‍ ചന്ദ്രയാന്‍ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമര്‍ശിക്കുന്നത്. കോഴിക്കോട് ലിപി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.