ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനിലുടനീളം ജൂതവിരുദ്ധത അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയെന്ന വിമര്‍ശനവുമായി യൂറോപ്യന്‍ കമ്മീഷന്. യൂറോപ്പിലുള്ള ജൂതന്മാര് ഭയപ്പാടോടെ ജീവിക്കുന്ന സാഹചര്യത്തിലേക്ക് വീണ്ടും എത്തിയെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
‘യൂറോപ്പിന്റെ പല ഭാഗങ്ങളിലും ജൂതര്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അസാധാരണമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഇരുണ്ട നാളുകളെയാണ് ഈ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയില്‍ ഞങ്ങള്‍ അപലപിക്കുകയാണ്. യൂറോപ്പ് എല്ലാക്കാലത്തും ഈ ക്രൂരതകള്‍ക്ക് എതിരാണ്’.
ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജൂതര്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമികള്‍ തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ശക്തമായി തിരിച്ചടിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളിലുള്ള ഹമാസ് അനുകൂലികള്‍ ജൂതന്മാര്ക്കെതിരെ ആക്രമണവുമായി രംഗത്തെത്തിയത്.