വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ നഗരത്തില്‍ ഒറ്റ – ഇരട്ട കാര്‍ നിയന്ത്രണം വീണ്ടും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.
വെള്ളിയാഴ്ച (നവംബര്‍ 3) ഡല്‍ഹിയിലെ വായു നിലവാരം ‘വളരെ മോശം’ എന്നതില്‍ നിന്ന് ‘ഗുരുതരമായ’ വിഭാഗത്തിലേക്കു മാറിയിരുന്നു. നാലുദിവസം തുടര്‍ച്ചയായി അതേ നിലയിലാണ് തലസ്ഥാനത്തെ വായുനിലവാരം. സെന്‍ട്രല്‍ ഓഫ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച് തിങ്കളാഴ്ച രാവിലെ 9 മണിക്ക് നഗരത്തില്‍ മൊത്തം എ.ക്യൂ.ഐ 437 രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നത്.
ബി.എസ് 3 പെട്രോള്‍, ബി.എസ് 4 ഡീസല്‍ കാറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കും നഗരത്തില്‍ നിരോധനമുണ്ട്. 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളിലെയും സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി. നേരത്തെ, പ്രൈമറി ക്ലാസുകള്‍ നവംബര്‍ 10 വരെ അടച്ചിടാന്‍ ഉത്തരവിട്ടെങ്കിലും, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. യോഗത്തില്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.