ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യ – ഇറാന് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ചബഹാര്‍ തുറമുഖം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചചെയ്തതായാണ് വിവരം. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ ചര്‍ച്ചയായി.
തീവ്രവാദ സംഭവങ്ങളും അക്രമങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണെന്ന് ഇറാന് പ്രസിഡന്റുമായി നടത്തിയ ഫോണ്സംഭാഷണത്തിനു പിന്നാലെ മോദി പ്രതികരിച്ചു. യുദ്ധമേഖലകളില്‍ വെടിനിര്‍ത്തല്‍, മാനുഷികസഹായത്തിന്റെ തുടര്‍ച്ച, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കല്‍ എന്നിവ ആവശ്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
അതേസമയം ഇസ്രായേല്‍ – പലസ്തീന് വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാലവും സുസ്ഥിരവുമായ നിലപാടിനോട് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.