Monday, November 25, 2024

അഫ്ഗാനിസ്ഥാനില്‍ പോപ്പിച്ചെടി കൃഷിയില്‍ വന്‍ ഇടിവ്: യു.എൻ.ഒ.ഡി.സി

അഫ്ഗാനിസ്ഥാനില്‍ ഒരു വര്‍ഷത്തിനിടെ പോപ്പിച്ചെടി കൃഷി മുന്‍കാലങ്ങളെ അപേക്ഷിച്ച് 95% കുറഞ്ഞെന്ന് യു.എൻ. യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി) നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലഹരിവസ്തുവായ കറുപ്പ് ഉല്പാദിപ്പിക്കുന്ന പോപ്പിച്ചെടികൃഷി നിരോധിച്ചുകൊണ്ട് ഏപ്രിലില്‍ താലിബാൻ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് ഇത്.

ലോകത്തിൽതന്നെ ഏറ്റവുമധികം കറുപ്പ് കൃഷിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. യു.എൻ ഏജൻസിയുടെ കണക്കുപ്രകാരം 2022 -ൽ 6200 ടൺ ആയിരുന്നു അഫ്ഗാനിലെ കറുപ്പിന്റെ ഉത്പാദനം. ഇത് 2023 -ൽ 333 ടൺ ആയാണ് കുറഞ്ഞത്. പോപ്പിച്ചെടി കൃഷിചെയ്യുന്ന സ്ഥലവിസ്തീര്‍ണ്ണത്തിലും വലിയ കുറവുണ്ടായതായും യു.എൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കറുപ്പ് കൃഷിയിലുണ്ടായ വൻതോതിലുള്ള ഇടിവ് അഫ്ഗാന്റെ സാമ്പത്തിക മേഖലയിലുൾപ്പെടെ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അഫ്ഗാനിലെ നിയമവിരുദ്ധ കറുപ്പ് വിപണിക്കെതിരെയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കെതിരെയും ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ കൈക്കൊള്ളാനുളള അവസരമാണിതെന്നും യു.എൻ.ഒ.ഡി.സി നിര്‍ദേശിക്കുന്നു. കറുപ്പ് ഉല്പാദനം നിലയ്ക്കുന്നതിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം മറികടക്കാൻ കർഷകർക്ക് സാധിക്കുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.

Latest News