കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയിലെ സാൻസിബാറിൽ ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ആരംഭിച്ചു. സാൻസിബാർ പ്രസിഡന്റും റെവലൂഷണറി കൗൺസിലിന്റെ ചെയർമാനുമായ ഹുസൈൻ അലി മ്വിനി കാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിങ്കളാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ടാൻസാനിയൻ ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
നിലവിൽ ബി.എസും എം.ടെക്കുമാണ് സാൻസിബാറിലെ കാമ്പസിലുള്ളത്. വരുംവര്‍ഷങ്ങളില്‍ ഡാറ്റ സയൻസിലെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും കൂടുതൽ അക്കാദമിക് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ആദ്യബാച്ചിൽ സാൻസിബാർ, ടാൻസാനിയ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികളാണ് അഡ്മിഷന് സ്വീകരിച്ചിരിക്കുന്നത്.
സാൻസിബാർ ടൗണിൽനിന്ന് ഏകദേശം 15 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന ബ്വെലിയോ ജില്ലയിലെ കാമ്പസ് അന്താരാഷ്ട്രനിലവാരത്തിലുള്ളതാണ്. സ്ഥിരം കാമ്പസിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും നിര്‍മ്മാണച്ചെലവുകൾ സാൻസിബാർ – ഇന്ത്യൻ സർക്കാരുകള്‍ പങ്കിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.