മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബുധനാഴ്ച, രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 44 പേരെ അറസ്റ്റ് ചെയ്തതായി എൻ.ഐ.എ അറിയിച്ചു. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന റെയ്ഡുകളിലാണ് അറസ്റ്റ്. ഇതിനുപുറമെ ഒന്നിലധികം സ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ അഞ്ച് താവളങ്ങള്‍ കണ്ടെത്തിയതായും എൻ.ഐ.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത മനുഷ്യക്കടത്ത് വ്യാപകമാകുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു ദേശീയ ഏജന്‍സി റെയ്ഡ് നടത്തിയത്. സംസ്ഥാന പൊലീസ് സേനയുടെയും ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെയും (ബി.എസ്.എഫ്) സംയുക്തസഹകരണത്തോടെയായിരുന്നു റെയ്ഡ്. ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂർ, ജയ്പൂർ എന്നിവിടങ്ങളിലെ എൻ.ഐ.എ ഓഫീസുകളിൽ നാല് മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതിനുപിന്നാലെയാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 55 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടത്തിയത്.
ത്രിപുര, അസം, പശ്ചിമബംഗാൾ, കർണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു-കശ്മീർ, പുതുച്ചേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എൻ.ഐ.എ വക്താവ് അറിയിച്ചു. ഈ വർഷം സെപ്റ്റംബർ ഒമ്പതിന് അസം പൊലീസിന്റെ പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യന്പ്രദേശത്തേക്ക് വ്യാജരേഖകള്‍ ചമച്ച് നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടാണിതെന്നും അധികൃതർ പറഞ്ഞു.