കെസിബിസി മീഡിയ കമ്മീഷന്റെ 2023 -ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്, ജോർജ് കണക്കശേരി, പ്രഫ. കെ.വി. തോമസ് കൈമലയിൽ എന്നിവരാണ് അവാർഡിന് അർഹരായത്.
കെസിബിസി മീഡിയ സംസ്കൃതി പുരസ്കാരമാണ് ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നൽകുന്നത്. നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിലും അരനൂറ്റാണ്ടിലധികമായി മലയാളഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയുംചെയ്ത തോമസ് മാത്യു, അനന്യമായ ദാർശനിക ഗരിമയുള്ള കാവ്യഭാഷകൊണ്ട് മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയർത്തിയെന്നു ജൂറി വിലയിരുത്തി.
മലയാളലിപി പാഠ്യപദ്ധതിയിൽ തിരികെ എത്തിക്കുന്നതുൾപ്പെടെ, ഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാർശനിക – വൈജ്ഞാനികപുരസ്കാരം നൽകുന്നത്. കോളജ് പ്രിൻസിപ്പലും സജീവ സാമൂഹ്യ-സാംസ്കാരിക-സഭാപ്രവർത്തകനുമായ പ്രഫ. തോമസ് കൈമലയിൽ, അരനൂറ്റാണ്ടോളമായായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീത-നാടക അക്കാദമി അവാർഡുകൾ നേടിയ ജോർജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്കാരം നൽകി ആദരിക്കും.
‘വല്ലി’ എന്ന നോവലിലൂടെ സാഹിത്യലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിക്കാണ് കെസിബിസി സാഹിത്യ അവാർഡ്. നാടക-സിനിമാമേഖലകളിൽ അഭിനയമികവിന്റെ മുദ്രപതിപ്പിച്ച് സംസ്ഥാന-ദേശീയ അവാർഡുകൾനേടിയ നടി പൗളി വത്സന് കെസിബിസി മീഡിയ അവാർഡ് നൽകും. സംവിധാനരംഗത്ത് ആദ്യസിനിമയിലൂടെതന്നെ (ജോൺ ലൂഥർ) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിന് കെസിബിസി മീഡിയ യുവപ്രതിഭാ പുരസ്കാരമാണു നൽകുക.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഡിസംബർ ആറിന് പാലാരിവട്ടം പി.ഒ.സി-യിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണംചെയ്യുമെന്ന് കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.