Sunday, November 24, 2024

ഹമാസിനെ പിന്തുണക്കുന്ന ശ്രമങ്ങൾ ഒഴിവാക്കണമെന്ന് ജി 7 രാജ്യങ്ങൾ: നിർദേശം തള്ളി ഇറാൻ

മധ്യകിഴക്കന്‍ മേഖലയെ അസ്ഥിരപ്പെടുത്തുകയും ഹമാസിനെ പിന്തുണക്കുകയും ചെയ്യുന്ന നീക്കങ്ങള്‍ ഒഴിവാക്കണമെന്ന ജി7 രാജ്യങ്ങളുടെ നിര്‍ദേശത്തെ തള്ളി ഇറാന്‍. ടോക്കിയോയില്‍വച്ച് നടന്ന ജി7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു പിന്നാലെയാണ് ഇറാന്‍ നിര്‍ദേശം തള്ളിയത്. ഇറാനിയന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനിയെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

ഒക്ടോബര്‍ 7ന് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍റെ പിന്തുണയുണ്ടെന്നാണ് യു.എസ്, യു.കെ, ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളടങ്ങുന്ന ജി7 രാജ്യങ്ങളുടെ ആരോപണം. അതിനാല്‍ ഹമാസ്, ഹിസ്ബുള്ള എന്നീ സംഘടനകളുമായുള്ള ബന്ധം ഇറാന്‍ ഉപേക്ഷിക്കണമെന്ന് ടോക്കിയോ സമ്മേളനത്തില്‍ ജി 7 രാജ്യങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നിര്‍ദേശം തള്ളി ഇറാനിയന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി രംഗത്തെത്തിയത്.

 

ടോക്കിയോയിൽ നടന്ന യോഗത്തിൽ ഗാസയിലെ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന പ്രവർത്തനങ്ങളെ അപലപിക്കുക എന്ന അന്താരാഷ്ട്ര ഉത്തരവാദിത്തം ജി 7 രാഷ്ട്രങ്ങൾ നിറവേറ്റുമെന്നാണ് പ്രതീക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സൈനിക ആക്രമണങ്ങൾ തടയാൻ ഇറാൻ നിർത്താതെയുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇസ്രായേൽ സാമ്പത്തികമായ സഹായങ്ങൾ നൽകിയെങ്കിലും മറ്റ് ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും ജി 7 മന്ത്രിമാരുടെ നിർദേശത്തെ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Latest News