യുക്രേനിയന്‍ സൈന്യം കീഴടങ്ങിയാല്‍ മാത്രമേ ഉപരോധിക്കപ്പെട്ട യുക്രേനിയന്‍ നഗരമായ മരിയുപോളിന് നേരെയുള്ള ഷെല്ലാക്രമണം അവസാനിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചൊവ്വാഴ്ച രാത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ കോളിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. മരിയുപോളില്‍ റഷ്യന്‍ ബോംബാക്രമണത്തിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന മരിയുപോള്‍ മേയറുടെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഈ കോള്‍.
‘ഈ നഗരത്തിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യം പരിഹരിക്കുന്നതിന്, യുക്രേനിയന്‍ ദേശീയ തീവ്രവാദികള്‍ തങ്ങളുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ആയുധം താഴെയിടണമെന്ന് പുടിന്‍ ഫ്രഞ്ച് നേതാവിനോട് പറഞ്ഞതായി റഷ്യന്‍ ഉദ്യോഗസ്ഥരും പറയുന്നുണ്ട്.
അതേസമയം, നഗരത്തില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ പരിഗണിക്കാമെന്ന് റഷ്യന്‍ നേതാവ് സമ്മതിച്ചതായും ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച ഒരു ദിവസത്തെ വെടിനിര്‍ത്തലും നിര്‍ദ്ദേശിച്ചു. പ്രാദേശിക സമയം 10:00 ന് വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ഡിയാന്‍സ്‌ക് തുറമുഖം വഴി പടിഞ്ഞാറ് സപ്പോരിജിയയിലേക്ക് പോകാന്‍ ആളുകളെ അനുവദിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റെഡ് ക്രോസും യുഎന്നിന്റെ അഭയാര്‍ത്ഥി ഏജന്‍സിയും ഒഴിപ്പിക്കലില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടതായും യുക്രൈനില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഉപരോധിച്ച തെക്ക്-കിഴക്കന്‍ നഗരത്തില്‍ നിന്ന് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കാനും അടിയന്തര മാനുഷിക സഹായം നല്‍കാനും റഷ്യന്‍ സൈന്യം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുടിന്‍ മാക്രോണിന് നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
മരിയുപോളില്‍ വെടിനിര്‍ത്തല്‍ കരാര്‍ സ്ഥാപിക്കാനുള്ള മുന്‍ ശ്രമങ്ങള്‍ പരസ്പര വിശ്വാസമില്ലായ്മയുടെ പേരില്‍ തകര്‍ന്നിരുന്നു. റഷ്യയിലേക്കോ റഷ്യന്‍ നിയന്ത്രിത പ്രദേശങ്ങളിലേക്കോ ആയിരക്കണക്കിന് സിവിലിയന്മാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചതായും റഷ്യയ്‌ക്കെതിരെ ആരോപണമുണ്ട്. മാരിയുപോളില്‍ നിന്ന് റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകളെ റഷ്യ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചതായി യുക്രെയ്ന്‍ ആരോപിച്ചിരുന്നു.