Monday, November 25, 2024

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമ ചെയ്യും: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പുതിയ ഫീച്ചറുമായി സാംസങ്

2023 -ല്‍ ഏറ്റവുമാധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്ത സംഭവമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് അഥവ എ.ഐയുടെ ആവിര്‍ഭാവം. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാങ്കേതികമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിനിടയായ എ.ഐ, ഭാവിയില്‍ മനുഷ്യരാശിക്ക് ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുപോലും ഈ സാങ്കേതികവിദ്യയുടെ ഗോഡ്‌ഫാദർമാര്‍ തന്നെ നല്‍കുന്നു. ഇത്തരത്തിലുളള മുന്നറിയിപ്പുകള്‍ ‍ഉണ്ടെങ്കില്‍പോലും അതിവേഗത്തിൽ വളർച്ചപ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന് കമ്പനികൾ. ഇത്തരം പരീക്ഷണങ്ങള്‍ക്കായി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങും രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സാംസങ് കമ്പനി അവതരിപ്പിച്ച പുതിയ ഫീച്ചറിനെക്കുറിച്ചറിയാം.

സാംസങ് സ്മാർട്ട്ഫോണുകൾക്കു മാത്രമായി ഗാലക്സി എ.ഐ എന്ന ഫീച്ചറിനാണ് കമ്പനി രൂപംനൽകിയിരിക്കുന്നത്. ഫോൺ കോളുകൾ തൽസമയം വിവർത്തനം ചെയ്യാൻ കഴിവുള്ള എ.ഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്സി എ.ഐ എത്തിയിരിക്കുന്നത്. ദൈനംദിന സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് സാംസങ് തുടക്കമിട്ടിരിക്കുന്നത്. എ.ഐ ലൈവ് ട്രാൻസിലേറ്റ് കോൾ എന്ന ഫീച്ചർ മുഖാന്തരം ഫോൺകോളുകൾ ഏതു ഭാഷയിലേക്കും തത്സമയം വിവർത്തനംചെയ്യാൻ കഴിയും. ഉപഭോക്താവ് സംസാരിക്കുന്നതിന്റെ വിവർത്തനം ടെക്സ്റ്റായും ശബ്ദമായും നിർമ്മിക്കപ്പെടുമെന്നതാണ് സവിശേഷത.

സാംസങിന്റെ ഫോൺ ആപ്പിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അടുത്തവർഷം സാംസങ് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ ഗാലക്സി എ.ഐ ഫീച്ചർ ഉൾപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്നും സാംസങ് പറയുന്നു. അതേസമയം, തര്‍ജമയ്ക്കപ്പുറം ഗ്യാലക്‌സി എ.ഐയുടെ മറ്റു ഫീച്ചറുകളൊന്നും സാംസങ് വെളിപ്പെടുത്തിയിട്ടില്ല. അടുത്തവര്‍ഷം ആദ്യം ഗ്യാലക്‌സി എ.ഐ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചന.

Latest News