ഇസ്രയേല്‍ ഹമാസ് യുദ്ധമാരംഭിച്ചതിന് പിന്നാലെ ഇതുവരെ കൊല്ലപ്പെട്ടത് ഐക്യരാഷ്ട്രസഭയുടെ 102 പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. യു.എന്‍. എയ്ഡ് ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമമായ സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയും യുഎന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നാണ് യു.എന്‍. എയ്ഡ് ഏജന്‍സി വ്യക്തമാക്കി. യുദ്ധം ആരംഭിച്ച് ഇതുവരെ 27 യുഎന്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ ഉണ്ടായ ആക്രമണത്തില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ടതായി യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിയും (യു.എന്‍.ആര്‍.ഡബ്ല്യു.എ.) അറിയിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഗാസയില്‍ മരിച്ച പ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ലോകത്ത് എല്ലായിടത്തുമുള്ള യു.എന്‍. ഓഫീസുകള്‍ക്കുമുന്നിലെ ജീവനക്കാര്‍ പതാക താഴ്ത്തിക്കെട്ടി മൗനം ആചരിച്ചിരുന്നു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനില്‍ ഇതുവരെ മരണ സംഖ്യ 11,000 കടന്നു. 1400 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. വടക്കന്‍ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പാലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങള്‍ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാമിസിനെ ഇസ്രയേല്‍ വധിച്ചുവെന്നും യോവ് ഗാലന്റ് അവകാശപ്പെട്ടു.