Tuesday, November 26, 2024

വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് നിലനിര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്ലായ ഭാരതീയ ന്യായ സംഹിതയില്‍ വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് നിലനിര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്നാണ് ശിപാര്‍ശ.

ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗരതി കുറ്റകരമാക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയില്‍, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, മൃഗങ്ങള്‍ എന്നിവയ്ക്കെതിരായ സമ്മതപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഒരു വ്യവസ്ഥയും നല്‍കിയിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിനെ മറിക്കടക്കുന്നതാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ. വിവാഹമെന്ന സ്ഥാപനം ഇന്ത്യന്‍ സമൂഹത്തില്‍ പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും അതിന്റെ പവിത്രത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തത്. നേരത്തെ കമ്മറ്റിയുടെ ശിപാര്‍ശയില്‍ കമ്മറ്റി അംഗമായ പി ചിദംബരം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

വിവാഹേതര ലൈംഗീക ബന്ധം ക്രിമിനല്‍ കുറ്റമാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ്, സ്ത്രീകളോടുള്ള വിവേചനപരവും ലിംഗഭേദം നിലനിര്‍ത്തുന്നതുമാണ് എന്ന കാരണത്താല്‍, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. വിവാഹേതര ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്ന രീതിയിലായിരുന്നു നിയമം. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി 497-ാം വകുപ്പ് റദ്ദാക്കിയത്.

 

Latest News