Tuesday, November 26, 2024

ലോകകപ്പ് ഫൈനല്‍ മത്സരത്തിനെതിരെ ഖലിസ്ഥാനി ഭീകരന്റെ ഭീഷണി

ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ വീണ്ടും ഭീഷണിസന്ദേശവുമായി രംഗത്ത്. അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ഐ.സി.സി ലോകകപ്പ് ഫൈനല്‍ മത്സരത്തിനെതിരെയാണ് പന്നൂന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഖലിസ്ഥാനി ഭീകരന്റെ ഭീഷണി.

“ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല; ലോക ഭീകരകപ്പിന്റെ തുടക്കമാകും. നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്” – വീഡിയോസന്ദേശത്തിൽ പന്നൂൻ പറഞ്ഞു. നവംബര്‍ 19 -ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നു നേരത്തെ പന്നൂന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഭീഷണിസന്ദേശവുമായി ഖാലിസ്ഥാനി ഭീകരൻ രംഗത്തെത്തിയിരിക്കുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരൻ വീഡിയോയിൽ പറയുന്നുണ്ട്. നിരവധി ഭീഷണികോളുകൾ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരിൽ ചിലരും അഹമ്മദാബാദ് പൊലീസിനെ സമീപിച്ചിരിക്കുകയാണ്. വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭീഷണിസന്ദേശങ്ങളാണ് പന്നൂൻ പുറത്തുവിട്ടിരിക്കുന്നത്.

Latest News