ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി ഇസ്രായേലും അമേരിക്കയും ഹമാസും തമ്മില്‍ താത്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തേക്ക് ഏറ്റുമുട്ടല്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കുന്നതിന് പകരമായി ഘട്ടം ഘട്ടമായി ബന്ദികളെ വിട്ടയക്കുമെന്നാണ് കരാറില്‍ പറയുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറ് പേജുകളിലായാണ് കരാറിലെ നിബന്ധനകളും വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപക്ഷവും ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസത്തേക്കെങ്കിലും ഏറ്റുമുട്ടലുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും. ഇതോടെ ഓരോ 24 മണിക്കൂറിലും 50 പേരോ അതില്‍ ചെറിയ സംഖ്യയോ ഉള്ള ചെറു ഗ്രൂപ്പുകളായി ബന്ദികളെ വിട്ടയയ്ക്കുമെന്നാണ് വിവരം.
240ഓളം പേരെയാണ് ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയത്. ഇവരില്‍ നിന്ന് നാല് പേരെ ആദ്യഘട്ടത്തില്‍ മോചിപ്പിച്ചിരുന്നു. ഒരു സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം ഈ കരാര്‍ സംബന്ധിച്ച് വൈറ്റ് ഹൗസോ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനായുള്ള ശ്രമം മുന്നോട്ട് പോകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ വ്യക്തമാക്കിയിരുന്നു.