ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ എത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ സൈന്യം. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.
ആയുധങ്ങള്‍ കയ്യിലേന്തിയ ഹമാസ് ഭീകരരോടൊപ്പം ബന്ദികള്‍ നടന്നു വരുന്നതാണ് ഇതില്‍ ഒരു വീഡിയോ. മറ്റൊന്നില്‍ ബന്ദികളാക്കപ്പെട്ടവരെ ആശുപത്രിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നതും, അവര്‍ ഇത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. ആശുപത്രിക്കുള്ളിലേക്കാണ് ബന്ദികളെ കൊണ്ടുപോകുന്നതെന്നും, വീഡിയോയില്‍ നിന്ന് ഇത് വ്യക്തമാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
തായ്ലന്‍ഡില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള രണ്ട് പുരുഷ തടവുകാരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ വീഡിയോ ഏത് ദിവസത്തേത് ആണ് എന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.
240ഓളം പേരെയാണ് ഹമാസ് ഭീകരര്‍ തടവിലാക്കി വച്ചിരിക്കുന്നത്. എന്നാല്‍ ബന്ദികളാക്കപ്പെട്ടവര്‍ നിലവില്‍ എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരം സൈന്യത്തിന് ലഭിച്ചിട്ടില്ല. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രണത്തിന് പിന്നാലെ ഹമാസ് ഭീകരര്‍ അല്‍ ഷിഫ ആശുപത്രി ദുരുപയോഗിച്ചു എന്നതിനുള്ള തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.