Tuesday, November 26, 2024

ഏറ്റവും വലിയ നിക്ഷേപമേഖലയായി ഇന്ത്യയെ തിരഞ്ഞെടുത്ത് ടെസ്‌ല

ഏറ്റവും വലിയ നിക്ഷേപമേഖലയായി ഇന്ത്യയെ തിരഞ്ഞെടുത്ത് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ഇതിന്റെ ഭാഗമായി മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതായാണ് വിവരം. ടെസ്‌ലയുടെ ഏറ്റവും വലിയ ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കാനും മസ്‌ക് തയ്യാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്രവാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ടെസ്‌ലയുടെ നിര്‍മ്മാണശാല സന്ദര്‍ശിച്ചിരുന്നു. ഇതുകൂടാതെ, നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ബിസിനസ് മേഖലയായി കാണുന്നതായും രാജ്യത്ത് നിക്ഷേപം നടത്തുമെന്നും മസ്ക് പ്രഖ്യാപിച്ചത്.

ടെസ്‌ലയുമായി ബന്ധമുള്ള അടുത്തവൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഗുജറാത്തിലോ, മഹാരാഷ്ട്രയിലോ ടെസ്‌ലയുടെ ഫാക്ടറി സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പ്രതിവര്‍ഷം അഞ്ചുലക്ഷം ഇവി കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. ടെസ്‌ല ഇന്ത്യയുടെ എന്‍ട്രി ലെവല്‍ കാറിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. അതേസമയം, ഇറക്കുമതിതീരുവ കുറയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ടെസ്‌ലയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ജനുവരിയില്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ടെസ്‌ല ഇന്ത്യയെ സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിവരം.

Latest News