Sunday, November 24, 2024

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്‌സീനല്ല എന്ന് പഠനം

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്‌സീനല്ല എന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്‌സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളില്‍ മരണസാധ്യത കുറയുമെന്നും പഠനത്തില്‍ പറയുന്നു.

2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടാണിത്. രാജ്യത്തുടനീളമുള്ള 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. 18 മുതല്‍ 45 വരെ പ്രായമുള്ള 729 ആളുകളുടെ ആകസ്മിക മരണങ്ങളുടെ കാരണമാണ് അന്വേഷിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഒരു ഡോസ് മാത്രമെടുത്തവരുടെ ഫലം കുറയുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

യുവജനങ്ങള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന്റെ നിരക്ക് കൂടുന്നതിന് കാരണം കോവിഡ് വാക്‌സീനാണെന്നുള്ള പ്രചാരണത്തിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങളാണെന്ന് പഠനത്തില്‍ കണ്ടെത്തി.

കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പെട്ടെന്നുള്ള മരണം സംഭവിച്ചവരുടെ കുടുംബ പാരമ്പര്യം, 48 മണിക്കൂറിനുള്ളിലുള്ള അമിത മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാമാണ് കാരണങ്ങളായി പറയുന്നത്. ഈ മാസമാദ്യം പൂര്‍ത്തിയായ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഐസിഎംആര്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ നേരത്തെ തന്നെ വിവരിച്ചിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ അമിതമായി കഠിനാധ്വാനം ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News