Sunday, November 24, 2024

അനധികൃത കുടിയേറ്റം അംഗീകരിക്കില്ല: ഇറാനില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത് 4.50 ലക്ഷം അഫ്ഗാനികള്‍

അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് 4,50,000 അഫ്ഗാന്‍ കുടിയേറ്റക്കാര്‍ ഇറാനില്‍ നിന്ന് സ്വമേധയാ രാജ്യത്തേക്ക് മടങ്ങിയെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏകദേശം നാല് ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇറാനിലെ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനില്‍ അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ജവാദ് ഖാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ടെഹ്റാന്‍, സിസ്റ്റാന്‍, ബലൂചിസ്ഥാന്‍, ഖൊറാസന്‍ റസാവി, കോം, കെര്‍മാന്‍, യാസ്ദ്, ഫാര്‍സ്, അല്‍ബോര്‍സ് എന്നീ എട്ട് പ്രധാന ഇറാനിയന്‍ പട്ടണങ്ങളിലാണ് രാജ്യത്തെ അനധികൃത അഫ്ഗാന്‍ കുടിയേറ്റക്കാരില്‍ 92 ശതമാനവും താമസിക്കുന്നതെന്നും അദേഹം വിദേശ മാധ്യമത്തോട്
വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട ഇറാനിലെ ഒരു അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് തസ്നിം വാര്‍ത്താ ഏജന്‍സി. രാജ്യത്ത് കുറഞ്ഞത് ഒരു ദശലക്ഷം അനധികൃത അഫ്ഗാന്‍ കുടിയേറ്റക്കാര്‍ക്കെങ്കിലും ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനിലെ ധാരാളം കുടിയേറ്റക്കാര്‍ അഫ്ഗാനിസ്ഥാനിലെ പൗരന്മാരാണെന്നും ആവശ്യമായ രേഖകള്‍ ഇല്ലാത്തവരെ സംഘടിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജവാദ് ഖാനി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest News