ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാനൊരുങ്ങി വിയറ്റ്നാം. ചൈന, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഹ്രസ്വകാല വിസ ഇളവുകള്‍ നല്‍കണമെന്ന് വിയറ്റ്നാമിന്റെ സാംസ്കാരിക, കായിക, ടൂറിസം മന്ത്രി എന്‍ഗൈന്‍ വാന്‍ ജംഗ് ആവശ്യപ്പെട്ടതായി വിയറ്റ്നാമീസ് വാര്‍ത്താ ഏജന്‍സിയായ വിഎന്‍എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ശ്രീലങ്കയും തായ്ലന്ഡും വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു.
ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്, ഇറ്റലി, സ്പെയിന്, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്ക് നിലവില്‍ വിസയില്ലാതെ വിയറ്റ്നാമില്‍ യാത്ര ചെയ്യാം. ഇതിന് പിന്നാലെ ഇന്ത്യക്കാര്‍ക്കും സമാന ഇളവ് നല്‍കണമെന്നാണ് മന്ത്രി ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ വിയറ്റ്നാമിലേക്ക് ഏകദേശം 10 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് എത്തിയത്.
ഫു ക്വോക് ദ്വീപ്, ങ്ഹാ ട്രാങ്, ഡാ നാങ്, ഹാ ലോംഗ് ബേ, ഹോയി ആന്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയം. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കായി വിയറ്റ്നാം ഇ-വിസ നല്കാന് തുടങ്ങിയിട്ടുണ്ട്. ഈ ഇ-വിസകള്‍ക്ക് 90 ദിവസത്തെ സാധുതയുണ്ട് കൂടാതെ ഒന്നിലധികം എന്‍ട്രികള്‍ അനുവദിക്കുകയും ചെയ്യും.