രാജ്യവ്യാപകമായി ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർണ്ണാടകയിലെ ബി.ജെ.പി നേതാക്കളാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ നിരോധിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കിയതിന് ദിവസങ്ങൾക്കുശേഷമാണ് കര്‍ണ്ണാടകയും വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയുടെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഉല്പന്നങ്ങളും സേവനങ്ങളും ഇസ്‌ലാമിക നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതാണ് ഹലാൽ സർട്ടിഫിക്കേഷൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കര്‍ണ്ണാടകയിലെ ബി.ജെ.പി നേതൃത്വം കത്തയച്ചിരിക്കുകയാണ്.
ഹലാൽ മുദ്രണംചെയ്ത ഉല്പന്നങ്ങൾക്ക് ഉത്തർപ്രദേശിലെ യോഗി സർക്കാർ കഴിഞ്ഞ ശനിയാഴ്ചയാണ് നിരോധനം ഏർപ്പെടുത്തിയത്. ഉത്തർപ്രദേശ് ഭക്ഷ്യസുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉല്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽവരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.