Sunday, November 24, 2024

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും ദ്രാവിഡ് ഒഴിയുന്നു: പകരക്കാരന്‍ വി.വി.എസ് ലക്ഷ്മണ്‍

ലോകകപ്പ് ഫൈനലിലെ പരാജയത്തിനുപിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് ഒഴിയുന്നു. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി തുടരേണ്ട എന്നു തീരുമാനിച്ചതായും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദ്രാവിഡിനുപകരം പരിശീലകസ്ഥാനം വി.വി.എസ് ലക്ഷ്മണ്‍ ഏറ്റെടുക്കുമെന്നാണ് വിവരം.

രണ്ടുവർഷത്തെ കരാറിലായിരുന്നു മുഖ്യപരിശീലകസ്ഥാനത്തേക്ക് ദ്രാവിഡിനെ നിയമിച്ചിരുന്നത്. 2021 നവംബറില്‍ രവി ശാസ്ത്രിക്കു പകരമായിട്ടായിരുന്നു ഈ നിയമനം. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതോടെ പരിശീലകനായുളള കരാര്‍ കാലാവധി ദ്രാവിഡിനു പൂര്‍ത്തിയായതോടെയാണ് പടിയിറക്കം. പരിശീലകനായി തുടരാന്‍ താല്പര്യമില്ലെന്നും ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ്രാവിഡിനു പകരക്കാരനായി മുഖ്യപരിശീലകനാകന്‍ വി.വി.എസ് ലക്ഷ്മണന്‍ ബി.സി.സി.ഐയെ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയായതിനാല്‍ മുഖ്യപരിശീലകസ്ഥാനത്തേക്ക് ലക്ഷ്മണ് നറുക്കുവീഴുമെന്നാണ് വിവരം. ഇന്നു തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ, താൽക്കാലിക പരിശീലകനായ വി.വി.എസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. ലോകകപ്പിനുമുമ്പ് അയർലൻഡിനെതിരെ നടന്ന ടി-20 പരമ്പരയിലും കഴിഞ്ഞവർഷത്തെ ടി-20 ലോകകപ്പിനുശേഷം ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകന്‍ കൂടിയായിരുന്നു ലക്ഷ്മൺ.

Latest News