Sunday, November 24, 2024

മുന്‍ നാവികസേനാംഗങ്ങളുടെ മോചനം: ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു

മുന്‍ നാവികസേനാംഗങ്ങളുടെ വധശിക്ഷ ഒഴിവാക്കുന്നതിനും അവരെ മോചിപ്പിക്കുന്നതിനുമായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. ഇന്ത്യയില്‍നിന്നുള്ള എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്കായി സമര്‍പ്പിച്ച അപ്പീലാണ് കോടതി അംഗീകരിച്ചത്. അപ്പീല്‍ പഠിച്ചുവരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഒരുവര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തറിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ചാരവൃത്തി നടത്തിയെന്നതായിരുന്നു കുറ്റം. എന്നാല്‍, ഈ വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ എല്ലാ നിയമസാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയും അപ്പീല്‍ സമര്‍പ്പിക്കുകയുമായിരുന്നു. ഇതാണ് ഖത്തര്‍ കോടതി അംഗീകരിച്ചത്.

അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ഇന്ത്യ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News