ചൈനയിലെ സ്കൂള്‍കുട്ടികളില്‍ ന്യുമോണിയ രോഗം വ്യാപകമാകുന്നതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്താണ് വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍ അസാധാരണമായി യാതൊന്നുമില്ലെന്ന് ചൈന മറുപടി നല്‍കിയെന്നാണ് വിവരം.
ബീജിംഗിലെ ലിയോണിംഗ് പ്രവിശ്യയിലെ സ്കൂളുകളിലെ കുട്ടികളിലാണ് കഴിഞ്ഞ ദിവസം ന്യുമോണിയ സ്ഥിരീകരിച്ചത്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും രോഗികളായ കുട്ടികളിൽ കണ്ടെത്തി. ഇതേതുടര്‍ന്ന് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പിന്നാലെയാണ് ഡബ്ലൂ.എച്ച്.ഒ വിശദീകരണം തേടിയത്.
പകർച്ചവ്യാധി സംബന്ധിച്ച ലാബ് റിസൽറ്റ് ഉൾപ്പടെയുള്ള വിവരങ്ങള്‍ ഡബ്ലൂ.എച്ച്.ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ന്യുമോണിയ സാധാരണ ബാക്ടീരിയ രോഗമാണെന്നും ഇത് കുട്ടികളെ സാധാരണ ബാധിക്കുന്ന ഒരു രോഗം മാത്രമാണെന്നും ചൈനയുടെ മറുപടിയില്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്നാണ് ശ്വാസകോശരോഗങ്ങൾ വർധിച്ചതെന്നും ചൈന വ്യക്തമാക്കി.