മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ പ്രദേശം കൈവശപ്പെടുത്താന്‍ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് കോടതി ഒരു തരത്തിലും എതിരല്ല. മലയാളികള്‍ അവരുടെ ഈഗോ കാരണം ജോലി ചെയ്യാന്‍ തയ്യാറല്ല. കുടിയേറ്റ തൊഴിലാളികള്‍ കാരണമാണ് നമ്മള്‍ അതിജീവിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃപ്പൂണിത്തുറ ഓഫീസില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ 1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം ഒരു തരത്തിലുള്ള രജിസ്‌ട്രേഷനും നടത്തുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും വ്യാപാരികള്‍ മാര്‍ക്കറ്റിനുള്ളില്‍ കൂടുതല്‍ വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവരുടെ ചില പ്രവൃത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
രജിസ്‌ട്രേഷന്‍ നടത്താതെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ തുടരുന്നത്. ഇത് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ തൊഴിലാളികളില്‍ ചിലര്‍ മയക്കുമരുന്നും മദ്യവും വ്യാപകമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇത് ഗൗരവമായി കാണേണ്ടതാണെന്നും കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയൊരിക്കലും അതൊന്നും ആവര്‍ത്തിക്കരുതെന്നും വളരെ ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.