Sunday, April 20, 2025

സ്വയം നിര്‍മ്മിച്ച കാരാഗൃഹത്തിലാണ് പുടിനെന്ന് ബ്രിട്ടന്‍

മുന്‍ കാലത്തെപോലെ ശക്തനായ നേതാവല്ല, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇപ്പോഴെന്നും അദ്ദേഹം ഇപ്പോള്‍ സ്വയം നിര്‍മ്മിച്ച കാരാഗൃഹത്തില്‍ തടവിലാണെന്നും ബ്രിട്ടന്റെ പ്രതിരോധ മന്ത്രി. വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ കറന്‍സിയായ റൂബിളില്‍ ഇടപാട് നടത്തിയില്ലെങ്കില്‍ അങ്ങനെ ചെയ്യാത്ത രാജ്യങ്ങളിലേക്ക് ഗ്യാസ് വിതരണം നിര്‍ത്തുമെന്ന് റഷ്യന്‍ നേതാവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ബ്രിട്ടീഷ് നേതാവിന്റെ പ്രസ്താവന. അതേസമയം ഉയര്‍ന്ന ഇന്ധനച്ചെലവ് കുറയ്ക്കാനായി അമേരിക്കയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് – ആറ് മാസത്തിനുള്ളില്‍ 180 ദശലക്ഷം ബാരല്‍ വരെ – വലിയ അളവില്‍ എണ്ണ പുറത്തിറക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു.

ഇതിനിടെ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ ബെല്‍ഗൊറോഡ് നഗരത്തിലെ എണ്ണ ഡിപ്പോയില്‍ യുക്രേനിയന്‍ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയതായി റഷ്യന്‍ ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍ കിഴക്കന്‍ യുക്രെയ്നിലെ തങ്ങളുടെ ആക്രമണങ്ങള്‍ ഇരട്ടിയാക്കാന്‍ റഷ്യന്‍ സൈന്യം വീണ്ടും സജ്ജീകരണങ്ങള്‍ നടത്തുന്നതായും സ്വയം ശക്തിപ്പെടുത്തുന്നതായും നാറ്റോ അറിയിച്ചു.

യുക്രൈനിലാകട്ടെ, ആഭ്യന്തര വിയോജിപ്പ് ഉണ്ടായതിന്റെ പേരില്‍ പ്രസിഡന്റ് സെലെന്‍സ്‌കി രണ്ട് ജനറല്‍മാരെ പുറത്താക്കുകയുമുണ്ടായി. ഇതിനിടയിലും ആളുകളെ ഒഴിപ്പിക്കാനും മാനുഷിക സഹായം എത്തിക്കാനുമുള്ള പുത്തന്‍ ശ്രമത്തിന്റെ ഭാഗമായി യുക്രെയ്ന്‍ സര്‍ക്കാര്‍ ഡസന്‍ കണക്കിന് ബസുകള്‍ മാരിയുപോളിലേക്ക് അയയ്ക്കുന്നുണ്ട്. തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും തുടരും. ചെര്‍ണോബിലിലെ മുന്‍ ആണവനിലയം കൈവശപ്പെടുത്തിയിരുന്ന റഷ്യന്‍ സൈന്യം അവിടം വിട്ടതായി യുക്രെയ്‌നിലെ സ്റ്റേറ്റ് ന്യൂക്ലിയര്‍ കമ്പനി അറിയിച്ചത് താത്കാലിക ആശ്വാസത്തിന് കാരണമായി.

 

 

Latest News