Sunday, April 20, 2025

യുക്രെയ്നിലെ ആണവ നിലയ നഗരമായ ചെര്‍ണോബിലില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറിയെന്ന് യുക്രെയ്ന്‍ ഭരണകൂടം

ഇസ്താന്‍ബുള്‍ സമാധാന ചര്‍ച്ചയില്‍ നേരിയ ആശ്വാസം പകര്‍ന്നുകൊണ്ട് ചില മേഖലകളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറുന്നതായി സ്ഥിരീകരണം. യുക്രെയ്നിലെ ആണവ നിലയ നഗരമായ ചെര്‍ണോബിലില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറിയെന്ന് യുക്രെയ്ന്‍ ഭരണകൂടമാണ് സ്ഥിരീകരിച്ചത്.

‘ചെര്‍ണോബില്‍ മേഖലയില്‍ നിന്നും റഷ്യന്‍ സേനയുടെ പിന്മാറ്റം നടന്നിരിക്കുന്നു. ആണവ നിലയത്തിലും പരിസരത്തും യുക്രെയ്നികളല്ലാത്ത ആരും നിലവിലില്ല. ഇന്ന് പുലര്‍ച്ചെയാണ് പിന്മാറ്റ സൂചന നല്‍കിയത്. തുടര്‍ന്ന് ചെര്‍ണോബിലില്‍ നിലയുറപ്പിച്ചിരുന്ന സൈനികര്‍ പിന്മാറിയെന്നും മനസ്സിലാക്കുന്നു.’ ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണവും സുരക്ഷയും നോക്കുന്ന എനര്‍ഗോആറ്റം മേധാവികള്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന സ്ഥലത്തെ നിയന്ത്രണം റഷ്യന്‍ സൈന്യം യുക്രേനിയക്കാര്‍ക്ക് രേഖാമൂലം കൈമാറിയതായി യുക്രെയ്ന്‍ അറിയിച്ചതായി ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി അറിയിച്ചു. അവസാന റഷ്യന്‍ സൈന്യം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെര്‍ണോബില്‍ പ്ലാന്റ് വിട്ടതെന്ന് യുക്രേനിയന്‍ സര്‍ക്കാര്‍ ഏജന്‍സി പറഞ്ഞു. ഫെബ്രുവരി 24 അധിനിവേശത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ സൈറ്റ് പിടിച്ചെടുത്തത്.

ചെര്‍ണോബില്‍ മേഖലയില്‍ ആണവ നിലയങ്ങളുടെ സമീപത്ത് റഷ്യന്‍ സൈന്യം വലിയ കിടങ്ങുകള്‍ കുഴിച്ചതിനെ ആണവ നിലയ ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു. ചെര്‍ണോബില്‍ മേഖലയിലെ ഇത്തരം പ്രവര്‍ത്തികള്‍ ആണവ വികിരണ സാദ്ധ്യത വര്‍ദ്ധിപ്പിച്ചെന്നുമാണ് യുക്രെയ്ന്‍ ആശങ്കപ്പെടുന്നത്. നിലവില്‍ ചെര്‍ണോബിലില്‍ ആണവ പ്ലാന്റില്ല. ഒരു സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ആണവ വികരണമുള്ള വിവിധ സാമഗ്രികള്‍ നിലയത്തിനകത്തുണ്ടെന്നതാണ് ഏറെ ഗുരതരമായ കാര്യം.

യുക്രെയ്ന്‍ ആക്രണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആണവ നിലയ പരിസരത്തെ സൈനിക കേന്ദ്രങ്ങള്‍ റഷ്യ മിസൈല്‍വഴി തകര്‍ത്തത് വലിയ ആശങ്ക പരത്തിയിരുന്നു. മാത്രമല്ല സാങ്കേതികമായി ആണവ നിലയത്തിലെ വികിരണം പരിശോധിക്കാനുള്ള സംവിധാനവും റഷ്യ തകര്‍ത്തതോടെ അന്താരാഷ്ട്ര ആണവ ഏജന്‍സികള്‍ക്ക് ആണവ നിലയവുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം രാജ്യത്തിന്റെ വടക്കുനിന്നും മധ്യഭാഗത്തുനിന്നുമുള്ള റഷ്യന്‍ പിന്‍വാങ്ങല്‍ ഒരു സൈനിക തന്ത്രം മാത്രമാണെന്നും തെക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ ആക്രമണങ്ങള്‍ക്കായി റഷ്യ സൈന്യത്തെ പടുത്തുയര്‍ത്തുകയാണെന്നും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘അവരുടെ ഉദ്ദേശ്യങ്ങള്‍ ഞങ്ങള്‍ക്കറിയാം. മറ്റു ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി മാത്രമാണ് അവര്‍ ചിലയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇനിയും യുദ്ധങ്ങള്‍ ഉണ്ടാകും’. സെലെന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു.

 

 

Latest News