പശ്ചിമേഷ്യയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ രണ്ട് ഇസ്രായേല്‍ ചാരന്മാരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന പലസ്തീന്‍കാരായ രണ്ട് പേരെയാണ് ഹമാസ് ഭീകരര്‍ വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് ഭീകരരെയും അവരുടെ താവളങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്നവരെയാണ് പലസ്തീന് തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. തുല്‍ക്കറെം അഭയാര്‍ഥി ക്യാമ്പിലെ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബര്‍ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. ഇവരെയാണ് വധിച്ചെതന്നാണ് വിവരം.
അതേസമയം, കൊല്ലപ്പെട്ട രണ്ടുപേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.