ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ 17 ബന്ദികളെകൂടി ഹമാസ് ഭീകരര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഭീകരര്‍ മോചിപ്പിച്ചവരില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്കുപുറമെ മൂന്നു വിദേശികളും ഉള്‍പ്പെടുന്നതായാണ് വിവരം. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ ഇവർ ഗാസാമുനമ്പിൽ തടവിലായിരുന്നു.
“ഇന്ന് ഇസ്രായേലിലേക്കു മടങ്ങുന്ന 17 ബന്ദികളെ ഇസ്രായേൽ സർക്കാർ ആലിംഗനം ചെയ്യുന്നു. ഞങ്ങളുടെ 14 പൗരന്മാരെയും മൂന്ന് വിദേശപൗരന്മാരെയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്” – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ കുറിച്ചു. മോചിക്കപ്പെട്ടവരില്‍ നാലുവയസ്സുള്ള ഒരു അമേരിക്കൻ പൗരത്വമുള്ള ഒരു പെണ്‍കുട്ടിയുമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളിൽ ഒമ്പതുകുട്ടികളും രണ്ട് അമ്മമാരും രണ്ടു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ധാരണയായ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നതിനുശേഷം ഹമാസ് മോചിപ്പിക്കുന്ന മൂന്നാമത്തെ ബാച്ച് ബന്ദികളാണിത്. നാലുമുതൽ 84 വയസ്സുവരെയുള്ള ബന്ദികളെ മാനുഷികസംഘടനയായ റെഡ് ക്രോസിലേക്ക് മാറ്റുകയും പിന്നീട് അവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറുകയുമായിരുന്നു. പ്രാഥമിക വൈദ്യപരിശോധനയിൽ ബന്ദികളാക്കിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അൽമ അവ്രഹാം (84), അവിവ അഡ്രിയൻ സീഗൽ (62), റോൺ ക്രിവോയ് (25), ഹാഗർ ബ്രോഡെറ്റ്‌സ് (40), ഒഫ്രി ബ്രോഡെറ്റ്‌സ് (10), യുവാൽ ബ്രോഡെറ്റ്‌സ് (8), ഒറിയ ബ്രോഡെറ്റ്‌സ് (4), ചെൻ ഗോൾഡ്‌സ്റ്റൈൻ (48), അഗം ഗോൾഡ്‌സ്റ്റൈൻ (17), ഗാൽ ഗോൾഡ്‌സ്റ്റൈൻ (11), ടാൽ ഗോൾഡ്‌സ്റ്റൈൻ (8), ദഫ്‌ന എൽയാക്കീം (15), എല എലിയാക്കീം (8) എന്നിവരാണ് ഇന്ന് മോചിതരായ മറ്റ് ഇസ്രായേലി പൗരന്മാർ.