Monday, November 25, 2024

വിവാഹങ്ങള്‍ വിദേശത്തുവെച്ച് നടത്തേണ്ടതുണ്ടോ, ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവാഹങ്ങള്‍ വിദേശത്തുവെച്ച് നടത്തേണ്ടതുണ്ടോ, ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം ഇവിടെ നിന്ന് പോകാതിരിക്കാന്‍ അത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവാഹ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.

‘അതെ വിവാഹ കാര്യത്തില്‍ ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു. എന്റെ ഹൃദയ വേദന എന്റെ കുടുംബാംഗങ്ങളോട് അല്ലാതെ മറ്റാരോട് പങ്കുവെയ്ക്കും? ഒന്ന് ആലോചിച്ചു നോക്കൂ ഈ ദിവസങ്ങളില്‍ ചില കുടുംബങ്ങള്‍ വിദേശത്ത് പോയി കല്യാണം നടത്തുന്ന പ്രവണത കാണുന്നു. ഇത് ആവശ്യമാണോ?’- പ്രധാനമന്ത്രി ചോദിച്ചു.

വിവാഹങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിലൂടെ ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിക്കൂടാ? നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്നില്ലായിരിക്കാം. പക്ഷേ നമ്മള്‍ അത്തരം പരിപാടികള്‍ സംഘടിപ്പിക്കുകയാണെങ്കില്‍, സംവിധാനങ്ങളും വികസിക്കും. ഇത് കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. തന്റെ ഈ വേദന തീര്‍ച്ചയായും വലിയ കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രനിര്‍മാണത്തിന്റെ ചുമതല ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ലോകത്തെ ഒരു ശക്തിക്കും ആ രാജ്യത്തെ മുന്നേറ്റത്തില്‍ നിന്ന് തടയാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉത്സവ സീസണില്‍ കണ്ടത്. കഴിഞ്ഞ മാസം മന്‍ കി ബാത്തില്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ആശയത്തിന് അതായത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ദീപാവലി സീസണില്‍ 4 ലക്ഷം കോടിയുടെ ബിസിനസ് നടന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ പോലും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘വോക്കല്‍ ഫോര്‍ ലോക്കലിന്റെ’ വിജയം ‘വികസിത ഇന്ത്യ- സമൃദ്ധിയുടെ ഇന്ത്യ’യിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ കൂടുതലായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നു. ഇതും പ്രോത്സാഹജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Latest News