Monday, November 25, 2024

പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

2024 ജനുവരിയില്‍ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാന്‍ഡ് ഫസ്റ്റ്- നാഷണല്‍ സഖ്യ സര്‍ക്കാരാണ് വാഗ്ദാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നേരത്തെ അവതരിപ്പിച്ച നിയമപ്രകാരം 2009ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിയന്ത്രണങ്ങളുണ്ട്.

എന്നാല്‍ പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലഭിക്കേണ്ട നികുതി വരുമാനം തിരിച്ചുകൊണ്ടുവരേണ്ടത് നിലവിലെ സാമ്പത്തികാവസ്ഥയനുസരിച്ച് സര്‍ക്കാരിന്റെ ആവശ്യമാണ്. അധിക റവന്യു വരുമാനം കണ്ടെത്തിയാല്‍ മാത്രമേ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂസിലാന്‍ഡ് അവതരിപ്പിച്ച നിയമം ബ്രിട്ടനേയും സ്വാധീനിച്ചിരുന്നു.

സമാനമായ രീതിയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ബ്രിട്ടനും ആലോചിച്ചിരുന്നു. പതിയെ അടുത്ത തലമുറയ്ക്ക് സാമ്പത്തികമായി താങ്ങാനാവാത്ത അവസ്ഥയിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക, നിക്കോട്ടിന്റെ അളവ് കുറയ്ക്കുക, സ്പെഷ്യല്‍ സ്റ്റോറുകളിലൂടെ മാത്രം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, എന്നിവയാണ് ബില്ലില്‍ പറഞ്ഞിരിക്കുന്ന പ്രധാനകാര്യങ്ങള്‍.

സിഗരറ്റ് കച്ചവടം വിപുലമാകുന്നതോടെ, അനധികൃത പുകയില വ്യാപാരം അവസാനിക്കുമെന്നും ഒരു ടൗണില്‍ ഒരു സിഗരറ്റ് കട മാത്രമുള്ളത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സിഗരറ്റ് കടകളുടെ എണ്ണം കൂട്ടുന്നത് നല്ലതാണെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ പ്രതികരിച്ചു. പുകയില ഉപയോഗം ബോധവത്കരണത്തിലൂടെയും മറ്റ് പദ്ധതികളിലൂടെയും കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ലക്സണ്‍ പറയുന്നു.

എന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ പൊതുജനാരോഗ്യ വിദഗ്ധര്‍ രംഗത്ത് വന്നു. പുകയില സുലഭമാകുന്നതോടെ വര്‍ഷം അയ്യായിരം പേര്‍ പുകവലി കാരണം മരിക്കാന്‍ സാധ്യതയുള്ളതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മഓരി വിഭാഗത്തില്‍പ്പെടുന്നവരുടെ പുകവലി നിരക്ക് കൂടുതലായതിനാല്‍, ആ വിഭാഗത്തില്‍പ്പെടുന്നവരെ ഇത് സാരമായി തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

 

 

Latest News