പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസംകൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ധാരണയായി. ഹമാസ് കൂടുതൽ ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളും നാലുദിവസത്തെ വെടിനിർത്തൽ നീട്ടാൻ സമ്മർദം ചെലുത്തിയിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസംകൂടി വെടിനിർത്തൽ നീട്ടാന്‍ ഇസ്രയേലും ഹമാസും ധാരണയായത്. വെടിനിര്‍ത്തല്‍ നീട്ടിയത് ബോംബാക്രമണവും കര ആക്രമണവും മൂലം തകര്‍ന്ന ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നു.
അതിനിടെ, ഏഴ് ആഴ്ചയിലേറെയായി ഹമാസിന്റെ തടവിലായിരുന്ന പതിനൊന്ന് ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും ഭീകരര്‍ മോചിപ്പിച്ചു. ഇവര്‍ തിങ്കളാഴ്ച രാത്രി ഇസ്രയേലിൽ പ്രവേശിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഹമാസ് മോചിപ്പിച്ച ബന്ദികള്‍ക്കു പകരമായി മുപ്പത്തിമൂന്ന് പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഇവര്‍ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്ക് പട്ടണമായ റമല്ലയിലും എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.