ടെക് ഭീമനായ മെറ്റാക്കെതിരെ നടപടികളുമായി റഷ്യ രംഗത്ത്. ഇതിന്‍റെ ഭാഗമായി മെറ്റായുടെ വക്താവായ ആൻഡി സ്റ്റോണിനെ റഷ്യ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങളോ സ്റ്റോണിനെതിരായ കുറ്റങ്ങളോ റഷ്യൻ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ജീവനക്കാര്‍ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഒരു റഷ്യൻ അന്വേഷണ സമിതി മെറ്റയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനു പിന്നാലെയായിരുന്നു ഇത്. റഷ്യൻ സൈന്യത്തിന് എതിരെ മെറ്റാ വക്താവ് തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതായും അന്വേഷണ സമിതി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സ്റ്റോണിനെ റഷ്യ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം.
അതേസമയം, ഉക്രൈനിലെ പ്രത്യേക സൈനിക നടപടിയെക്കുറിച്ചുള്ള വ്യാജ വിവരങ്ങൾ ഇല്ലാതാക്കാത്തതിന് ആല്‍ഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള ഗൂഗിളിനെതിരെയു റഷ്യ നടപടി സ്വീകരിച്ചിരുന്നു. 4 മില്യൺ റൂബിൾസ് (44,582 യുഎസ് ഡോളർ) പിഴയാണ് റഷ്യൻ കോടതി ഗൂഗിളിനു ചുമത്തിയത്. ഇതിനു പിന്നലെയാണ് ആൻഡി സ്റ്റോണിനെതിരായ നടപടിയും.