ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടരുന്ന ശ്വാസകോശരോഗം കൊവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ അല്ലെന്ന് ലോകാരോഗ്യസംഘടന. ന്യുമോണിയ രോഗികളുടെ നിരക്കില്‍ വര്‍ധനവുണ്ടെങ്കിലും അതു കൊവിഡ് കാലത്തേതിനു മുമ്പുണ്ടായിരുന്നത്രയില്ലെന്ന്
ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി.
മഹാമാരിക്ക് മുമ്പുണ്ടായിരുന്ന രോഗവ്യാപനവും ഇപ്പോഴത്തേതും താരതമ്യം നടത്തിയെന്നും മരിയ പറയുന്നു. ഒന്നിലധികം രോഗാണുക്കളാകാം രാജ്യത്തുടനീളമുള്ള ശ്വാസകോശരോഗബാധയ്ക്ക് കാരണമെന്ന് ചൈനയിലെ ഹെല്‍ത്ത് കമ്മിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രോഗികളുടെ വര്‍ധനവിന് ഇന്‍ഫല്‍വന്‍സ ഒരു കാരണമായിരിക്കാമെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
വ്യാപനത്തിന് കാരണമായ രോഗാണു പുതിയതോ അസാധാരണമായതോ അല്ലെന്നാണ് ചൈനയുടെ വിശദീകരണം. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്കിയിരുന്നു. കുട്ടികള്‍ക്കിടയില്‍ മാത്രമുള്ള രോഗവ്യാപനം നല്ല ലക്ഷണമാണെന്നും കൊവിഡിനു ശേഷം
മുതിര്‍ന്നവരുടെ പ്രതിരോധശേഷി വര്‍ധിച്ചു എന്നാണ് ഇതു കാണിക്കുന്നതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനം ചൈനയില്‍ കഴിഞ്ഞ മെയ് മുതല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.