രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന പണമിടപാടില്‍ നിശ്ചിത തുകയ്ക്ക് മുകളില്‍ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് സർക്കാർ നീക്കം.
ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുകള്‍പ്രകാരം 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നാല് മണിക്കൂർ എന്ന പരിധി നിശ്ചയിക്കാനാണ് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ പേയ്മെന്റ് പിൻവലിക്കാനോ മാറ്റങ്ങൾ വരുത്താനോ പണമയയ്ക്കുന്ന ആൾക്ക് സാധിക്കും. എന്നാല്‍ ഇത് ഡിജിറ്റൽ പേയ്മെന്റുകളെ മോശമായി ബാധിക്കുമെങ്കിലും വര്‍ധിച്ചുവരുന്ന ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ഇത് വഴി സാധിക്കുമെന്നാണ് ്ധികൃതരുടെ വിശദ്ധീകരണം. ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ എന്നിങ്ങനെയുള്ള ഡിജിറ്റൽ പേയ്മെന്റുകൾക്കാകും നിയന്ത്രണം ബാധകമാകുക.
അതേസമയം, തീരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുമായും ഗൂഗിൾ, റേസർപേ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തും. ഇതിനു ശേഷം നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകും.