Sunday, November 24, 2024

എക്സ് ചെയര്‍മാന്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ്

എക്സ് ചെയര്‍മാന്‍ എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ്. ജെറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഇസ്രായേലില്‍ എത്തിയ മസ്‌ക് ഹമാസ് ആക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇരകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. എക്സില്‍ നടക്കുന്ന ജൂത വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ പ്രസിഡന്റ് മസ്‌കിനോട് ആവശ്യപ്പെട്ടു.

എക്സില്‍ നിറയെ ജൂത വിരുദ്ധതയാണെന്നും ഇസ്രായേലിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുന്ന ഏക വ്യക്തി മസ്‌കാണെന്നും വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഒന്നിച്ച് പോരാടണമെന്നും മസ്‌കിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എക്സില്‍ നടക്കുന്ന ജൂത വിരുദ്ധത പ്രചരണങ്ങളില്‍ മസ്‌കിനെ ആശങ്ക അറിയിച്ചിരുന്നു.

ജൂത വിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ മസ്‌കിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലായിരുന്നു എക്സ് ചെയര്‍മാന്റെ ഇസ്രായേല്‍ സന്ദര്‍ശനം. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെ പിന്തുണച്ചതാണ് മസ്‌കിനെ വെട്ടിലാക്കിയത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ പ്രചരണങ്ങള്‍ നടത്തുന്നത് ജൂതന്മാരാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജൂതന്മാര്‍ ഇപ്പോഴും അത് തന്നെ തുടരുന്നുവെന്നും എറിക് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ പിന്തുണച്ചാണ് മസ്‌ക് രംഗത്തുവന്നത്. താങ്കള്‍ പറഞ്ഞതാണ് വാസ്തവമെന്ന് മസ്‌ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറഞ്ഞു. പിന്നാലെ മസ്‌കിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

 

 

 

Latest News