പാക്കിസ്ഥാന് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹര്‍ജിക്കാരനെ കോടതി വിമര്‍ശിച്ചു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്ജിക്കാരന് സുപ്രീം കോടതിയെ സമീപിച്ചത്.
ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ താല്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ട് പോകരുതെന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്നും ഹര്‍ജിക്കാരനോട് കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയാണ് ഹര്ജിക്കാരന്. പാക് കലാകാരന്മാര് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂര്‍ണമായി വിലക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.