ഇന്ത്യക്കാര്‍ക്ക് വിസാരഹിത പ്രവേശനം സാധ്യമാക്കി മലേഷ്യയും. ഡിസംബര്‍ ഒന്ന് മുതല്‍ ഈ സൗകര്യങ്ങള്‍ നിലവില്‍ വരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. മലേഷ്യയിലെ പുത്രജയയില്‍ പീപ്പിള്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ആനുവല്‍ കോണ്‍ഗ്രസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇന്ത്യക്ക് പുറമെ ചൈനീസ് പൗരന്മാര്‍ക്കും ഇവിടേക്ക് വിസാരഹിത പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് വിസ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലെത്താന്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്നും അന്‍വര്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. പുതിയ നിയമപ്രകാരം ഇരുരാജ്യങ്ങളിലെ പൗരന്മാര്‍ക്കും 30 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ താമസിക്കാനും കഴിയും.
മലേഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. അതിനാലാണ് ഈ രണ്ട് രാജ്യങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.