Sunday, November 24, 2024

28-ാമത് രാജ്യാന്തര ചലച്ചിത്ര മേള: അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി 14 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേർഷ്യൻ, ജാപ്പനീസ്, പോർച്ചുഗീസ്, അസാറി, ഉസ്‌ബെക്ക് ഭാഷകളിൽ നിന്നാണ് ചിത്രങ്ങൾ.

കനുബേൽ സംവിധാനം ചെയ്ച ‘ആഗ്ര’, ഡോൺ പാലത്തറയുടെ ‘ഫാമിലി’, ലുബ്ധക് ചാറ്റർജിയുടെ ‘വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ. വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രമാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മത്സരിക്കുന്ന മലയാള ചിത്രം. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീർണതകളും വൈരുധ്യങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നത്.

കനുബേലിന്‍റെ ആഗ്ര കാൻ എന്ന ഹിന്ദി ചിത്രം ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. നേരത്തെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായും ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ് ചിത്രം പറയുന്നത്. ബംഗാളി ചിത്രം വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ ഗോത്രജനവിഭാങ്ങളുടെ ജീവിതം കാണുന്നതിനായി എത്തുന്ന നായകനിലൂടെ കഥപറയുന്നു. സൗജന്യ ചികിത്സ ലഭിക്കുന്നതിനായി കുറ്റകൃത്യം ചെയ്യുന്ന ഗീത എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ്.

 

Latest News