ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവച്ച ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. ഗവർണർക്ക് ബില്ലുകൾ പിടിച്ചുവയ്ക്കാനുള്ള അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
“ബില്ലുകൾ പിടിച്ചുവച്ചതിൽ ഒരു ന്യായീകരണവുമില്ല. സർക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. രണ്ടുവർഷം ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ എന്തെടുക്കുകയായിരുന്നു.” കോടതി പറഞ്ഞു. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്ക്കാലം ഇടപെടാനില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കൂടാതെ, രാഷ്ട്രീയവിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു.
അതേസമയം, ഗവർണർമാർക്ക് മാർഗനിർദേശം തയ്യാറാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍, അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍ മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.