ലോകത്താദ്യമായി നൂറ് ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം (സാഫ്) ഉപയോഗിച്ചുള്ള ആദ്യ വിമാനം പറന്നു. നവംബര്‍ 28ന് ഹീത്രൂവില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വിര്‍ജിന്‍ അറ്റ്ലാന്റിക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പുലര്‍ച്ചെ 12 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ന്യൂയോര്‍ക്കിലേക്കാണ് വിമാനം പറന്നത്.
യാത്രക്കാരില്ലാതെയായിരുന്നു ആദ്യയാത്ര. പുനരുല്‍പ്പാദിപ്പിക്കാവുന്ന ബയോമാസ്, മാലിന്യ സാധനങ്ങളില്‍നിന്നുമാണ് സുസ്ഥിര വ്യോമയാന ഇന്ധനം നിര്‍മ്മിക്കുന്നത്. 50 ശതമാനം സാഫ് ഇന്ധനം മണ്ണെണ്ണയില്‍ കലര്‍ത്തി ആധുനിക വിമാനങ്ങളില്‍ ഏവിയേഷന്‍ ഇന്ധനമായി ഉപയോഗിക്കാം.
ഷെഫീല്‍ഡ് സര്‍വകലാശാല, യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ്, ബ്രിട്ടീഷ് എന്ജിന് നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് എന്നിവയുമായി സഹകരിച്ച് വിര്‍ജിന്‍ നേതൃത്വം നല്കുന്ന പദ്ധതിക്ക് 1.26 മില്യണ്‍ ഡോളര്‍ വരെ പിന്തുണ നല്‍കുന്നതായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പുതിയ മേഖല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥയെ വളര്‍ത്തുകയും നെറ്റ്സീ റോയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരുമെന്നും യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.