ഗാസ ഉടമ്പടിപ്രകാരം കൂടുതല്‍ പലസ്തീനിയന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചു. ഹമാസ് ഭീകരര്‍ 16 ബന്ദികളെ കൂടി മോചിപ്പിച്ചതിനുപിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. കൂടുതല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടുമെന്ന് നേരത്തെ ഇസ്രയേല്‍ അറിയിച്ചിരുന്നു.
പത്ത് ഇസ്രായേലി സ്ത്രീകളും കുട്ടികളും നാല് തായ് പൗരന്മാരുമടങ്ങുന്ന ബന്ദികളെയാണ് ബുധനാഴ്ച ഹമാസ് വിട്ടയച്ചത്. ഇതില്‍ രണ്ട് റഷ്യൻ – ഇസ്രായേൽ സ്ത്രീകളും ഉള്‍പ്പടുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ, ഹമാസ് മോചിപ്പിച്ച ബന്ദികളെ ആശുപത്രികളിലേക്കു മാറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച ഇസ്രായേൽ കൂടുതൽ പലസ്തീൻ തടവുകാരെ മോചിപ്പിച്ചത്.
അതേസമയം, ആകെ 60 ഇസ്രായേലി ബന്ദികളാണ് ഇതുവരെ മോചിതരായത്. ഇതിനുപുറമെ 19 തായ്‍ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു. ഇസ്രയേല്‍ തടവില്‍നിന്നും വിട്ടയയ്ക്കപ്പെട്ട പലസ്തീനി തടവുകാരുടെ എണ്ണം 180 ആയി.