Saturday, November 23, 2024

നെല്‍സണ്‍ എന്ന ഗ്രാമീണബാലന്‍ മാഡിബ എന്ന ലോകനേതാവായ ചരിത്രം; ഇന്ന് മണ്ടേല ദിനം

വര്‍ണവിവേചനത്തിനും പാരതന്ത്ര്യത്തിനും എതിരെ ജീവിതാവസാനം വരെ സന്ധിയില്ലാ പോരാട്ടം നടത്തിയ മഹാനായ നേതാവാണ് നെല്‍സണ്‍ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയുടെ ഭാഗമായ മവേസോ ഗ്രാമത്തില്‍ 1918 ജൂലൈ 18 നാണ് മണ്ടേല ജനിച്ചത്. ആഫ്രിക്കക്കാരന്റെ തനതായ പേരുകള്‍ കുട്ടികളുടെ ഉയര്‍ച്ചയ്ക്ക് തടസമാണെന്ന വിശ്വാസമുണ്ടായിരുന്ന സ്‌കൂളിലെ അധ്യാപികയാണ് അദ്ദേഹത്തിന് നെല്‍സണ്‍ എന്ന ഇംഗ്ലീഷ് പേര് നല്‍കിയത്. പിതാവ് ചെറുപ്പത്തില്‍ മരിച്ചു. ഡിഗ്രി പഠനത്തിനായി സര്‍വകലാശാലയില്‍ ചേര്‍ന്നെങ്കിലും വര്‍ണ വിവേചനത്തിനെതിരെ സഹപാഠികളെ സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തി പുറത്താക്കി. ഒരു വക്കീല്‍ ഓഫീസില്‍ ഗുമസ്തനായി ജോലി ലഭിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ബിഎ ഡിഗ്രി പഠനവും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കി.

27 വര്‍ഷത്തെ ജയില്‍ ജീവിതം

അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും കേസുകളും വന്നു. അവയില്‍ ഭൂരിപക്ഷവും തെളിവുകളില്ലാതെ തള്ളിപ്പോയി. ഒടുവില്‍, എഎന്‍സിയുടെ സായുധ വിഭാഗമായ എംകെയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി പ്രവര്‍ത്തനങ്ങളിലെ പങ്ക് കണ്ടെത്തിയ കോടതി മണ്ടേലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റിവോനിയ ട്രയല്‍ എന്ന് അറിയപ്പെടുന്ന ഈ വിചാരണയില്‍ മണ്ടേല നടത്തിയ ‘ഞാന്‍ മരിക്കാന്‍ സന്നദ്ധനാണ്’  എന്ന പ്രസംഗം പ്രശസ്തമാണ്.

സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ദശകങ്ങളോളം തടവറയ്ക്കുള്ളില്‍ കഴിയേണ്ടിവന്ന മറ്റൊരു നേതാവ് ലോകചരിത്രത്തില്‍ വേറെയില്ല. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗത്തിനു സ്വാതന്ത്ര സ്വപ്നങ്ങള്‍ പകര്‍ന്നു കൊടുത്തതിന്റെ ഫലമായി 27 വര്‍ഷത്തെ ജയില്‍വാസമാണ് മണ്ടേലയ്ക്ക് ലഭിച്ചത്. 1962 മുതല്‍ 1990 വരെ ഏറെക്കുറേ 28 വര്‍ഷങ്ങള്‍ നെല്‍സന്‍ മണ്ടേല ജയില്‍ ശിക്ഷ അനുഭവിച്ചു. ഇതില്‍ 18 വര്‍ഷത്തോളം റോബിന്‍സന്‍ ദീപിലുള്ള ജയിലില്‍ എട്ടടി നീളവും ഏഴടി വീതിയുമുള്ള ഇടുങ്ങിയ തടവറയില്‍ ഏകാന്തവാസമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വര്‍ഷത്തില്‍ രണ്ട് എഴുത്തും രണ്ട് സന്ദര്‍ശകരും മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്.

ശിക്ഷയില്‍ നിന്നും ഒഴിവാകാനും ഉപാധികളോടെ പുറത്തിറങ്ങാനും ലഭിച്ച അവസരങ്ങളൊക്കെ ഉറച്ച മനസോടെ അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ അര്‍ജ്ജവത്തിന് മുന്നില്‍ ഒടുവില്‍ ഭരണകൂടം മുട്ടുകുത്തി. 1990 ഫെബ്രുവരി 11 ന് അദ്ദേഹത്തെ വിക്റ്റര്‍ വേര്‍സ്റ്റര്‍ ജയിലില്‍നിന്നും മോചിതനാക്കി. 1970 മുതല്‍ ജയില്‍ മോചിതനാകുന്നത് വരെയുള്ള കാലം വരെ അദ്ദേഹത്തിന്റെ ഫോട്ടോ പോലും സൗത്ത് ആഫ്രിക്കയിലെമ്പാടും നിരോധിക്കപ്പെട്ടു. പക്ഷെ കൂടുതല്‍ തീവ്രതയോടെ ആ ഓര്‍മ്മകള്‍ ജനങ്ങളുടെ ഉള്ളില്‍ പതിഞ്ഞു. സ്നേഹത്തോടെ അവര്‍ അദ്ദേഹത്തെ മാഡിബ എന്ന് വിളിച്ചു.

കാവ്യനീതി നല്‍കി ചരിത്രം

1994 ല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ചരിത്രത്തിലെ കാവ്യനീതിയായി. 1994 മുതല്‍ 1997 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 1999ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. 2012 ലാണ് മണ്ടേല ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായത്. 2013 ഡിസംബര്‍ 5-ന് അദ്ദേഹം അന്തരിച്ചു. ‘ദാരിദ്രവും അനീതിയും അസമത്വവും ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം നമുക്കാര്‍ക്കും യഥാര്‍ത്ഥ വിശ്രമം ലഭിക്കില്ല’ എന്ന മണ്ടേലയുടെ വാക്കുകള്‍ പുരോഗമനാഭിമുഖ്യമുള്ള ജനതകളുടെയെല്ലാം ആപ്തവാക്യമാണ്.

പ്രസ്ഥാനങ്ങളും പുരസ്‌കാരങ്ങളും

രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷവും ‘നെല്‍സന്‍ മണ്ടേല ഫൗണ്ടേഷന്‍’ എന്ന സംഘടനയിലൂടെ എയ്ഡ്‌സിനും മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ക്കുമെതിരെ പോരാടി അദ്ദേഹം ജനസേവകനായി നിലനിന്നു. ആരോഗ്യ പരമായ കാരണങ്ങളാല്‍ പിന്നീട് അവയില്‍ നിന്നും പിന്‍വാങ്ങി. ഭാരത രത്നയും, നിഷാന്‍ – ഇ – പാകിസ്താനും ലിബെര്‍ട്ടി അവാര്‍ഡുമടക്കം ഇരുന്നൂറ്റി അന്‍പതിലധികം പുരസ്‌കാരങ്ങള്‍ നല്‍കി അന്താരാഷ്ട്ര സമൂഹം അദ്ദേഹത്തെ ആദരിച്ചു. ‘ദി ലോംഗ് വോക്ക് ടു ഫ്രീഡം’ എന്ന അദ്ദേഹത്തിന്റ ആത്മകഥ എഴുതാന്‍ സഹായിച്ച റിച്ചാര്‍ഡ് സ്റ്റെംഗല്‍ മൂന്നു വര്‍ഷം ഈ ജോലിയ്ക്കു വേണ്ടി ചെലവഴിച്ചു. അതിനുശേഷം അദ്ദേഹം ഇങ്ങനെ എഴുതി, ‘മണ്ടേലയുടെ ഒപ്പം സമയം ചെലവഴിച്ച ആരും സമ്മതിക്കും അതൊരു വിശേഷ ആനുകൂല്യം മാത്രമല്ല വലിയൊരു ആനന്ദം കൂടിയാണെന്ന്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു പ്രകാശമാണ്. പുസ്തകം പൂര്‍ത്തിയാക്കി ഞാന്‍ അദ്ദേഹത്തോട് വിട പറഞ്ഞപ്പോള്‍ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചതു പോലെയാണെനിക്കു തോന്നിയത്’.

Latest News