ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവില്‍ (ബിആർഐ) നിന്നും ഇറ്റലി പിന്മാറി. ഇതു സംബന്ധിച്ച തിരുമാനം ചൈനയെ അറിയിച്ചതായി ഇറ്റാലിയിന്‍ സർക്കാർ വൃത്തങ്ങൾ ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ബി. ആർ. ഐല്നിന്നും പിന്മാറുമെങ്കിലും ചൈനയുമായുളള മികച്ച ബന്ധം തുടരുമെന്നും രണ്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
“ഞങ്ങൾ ഇനി ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമല്ല. എന്നാല്‍ ചൈനയുമായി മികച്ച ബന്ധം നിലനിർത്താനുള്ള എല്ലാ ഉദ്ദേശ്യങ്ങളും ഞങ്ങൾക്കുണ്ട്,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബി. ആർ. ഐ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും മറ്റ് ജി 7 രാജ്യങ്ങൾക്ക് ചൈനയുമായി ഇറ്റലിയെക്കാള്‍ ഏറെ അടുത്ത ബന്ധമുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2024ൽ ജി7ന്റെ അധ്യക്ഷസ്ഥാനം ഇറ്റലി ഏറ്റെടുക്കാനിരിക്കെയാണ് ബി. ആർ. ഐയില്‍ നിന്നുള്ള പിന്മാറ്റമെന്നതും പ്രസക്തമാണ്.
2019-ലാണ് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റ് പ്രോഗ്രാമില്‍ ഇറ്റലി പങ്കാളിയായത്. ഈ പ്രോഗ്രാമിൽ ചേരുന്ന ആദ്യത്തെയും ഇതുവരെയുള്ള ഒരേയൊരു പാശ്ചാത്യ രാജ്യം കൂടിയായിരുന്നു ഇറ്റലി. എന്നാല്‍ ചൈനയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്ന പഴയ സിൽക്ക് റോഡിന്റെ മാതൃകയിലുള്ള കരാര്‍ ഇറ്റലിക്ക് കാര്യമായ നേട്ടങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കരാർ പുതുക്കുന്നതില്‍ നിന്നും ഇറ്റലി പിന്മാറുന്നത്.