2023ലെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റുകൾ വിക്കിപീഡിയ പുറത്തുവിട്ടു. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഉള്‍പ്പടെ കൂടുതൽ ആളുകൾ വായിച്ചതും ഇഷ്ടപ്പെട്ടതുമായ 25 ലേഖനങ്ങളുടെ ലിസ്റ്റാണ് വിക്കിപീഡിയ പുറത്തുവിട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞതും വായിച്ചതും ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട ലേഖനപരമ്പരകളാണ്.
2015 മുതലാണ് വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കിപീഡിയയിലെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ തുടങ്ങിയത്. ഈ വർഷം നവംബർ 28 വരെ ലഭിച്ചിട്ടുള്ള ഡാറ്റ ഉപയോഗിച്ചാണ് വിക്കിമീഡിയ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചാറ്റ്ജിപിടി, 2023ലെ മരണങ്ങൾ, ഇന്ത്യയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍, ഇന്ത്യൻ പ്രീമിയർ ലീഗ് എന്നിവയാണ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചാറ്റ് ജിപിടി കഴിഞ്ഞ വർഷമാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ എന്ന കമ്പനി പുറത്തിറക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ സൈബർ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ചാറ്റ്ജിപിടിക്കു കഴിഞ്ഞു. ചാറ്റ് ജിപിടിക്കു പുറമെ ഷാരൂഖാൻ സിനിമകളായ ജവാൻ, പത്താൻ തുടങ്ങിയവ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഇതാദ്യമായാണ് ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ലേഖനം ഇടം നേടിയിരിക്കുന്നത്.