സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കലിനാണ് താത്കാലിക ചുമതല. മൌണ്ട് സെന്റ് തോമസിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2022 നവംബറിൽ നൽകിയ രാജിയപേക്ഷ മാർപ്പാപ്പ അംഗീകരിക്കുകയായിരുന്നു.
ഇപ്രകാരമായിരുന്നു പത്രസമ്മേജനത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ: “ദൈവകൃപയാൽ 2011 മേയ് 29 മുതൽ മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ സിറോ മലബാർ സഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്.”
“നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. നമ്മുടെ സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാൻ താൽപര്യത്തോടെ അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.”
“പ്രാർഥനാപൂർവമുള്ള പുനരാലോചനകൾക്കു ശേഷം മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്ന് മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് 2021 നവംബർ 15ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമർപ്പിച്ചു. എന്റെ രാജിയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും, ഒരു വർഷത്തിനു ശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു.”
“അതിനാൽ ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തു സ്ഥാനത്തുനിന്ന് ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ ഈ കാലത്ത് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.”
കൂരിയ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കലിനാണ് താത്കാലിക ചുമതല എന്ന കാര്യവും അദ്ദേഹം തുടർന്ന് അറിയിച്ചു.
1945 ഏപ്രിൽ 19 നു കോട്ടയം ജില്ലയിലെ തുരുത്തിയില്‍ ആലഞ്ചേരിൽ പീലിപ്പോസ് – മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായാണ് മാർ ജോർജ് ആലഞ്ചേരി ജനിച്ചത്. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമായ അദ്ദേഹം, സെന്റ് മേരീസ് സ്കൂളിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസവും ചങ്ങനാശേരി സെന്റ് ബര്‍ക്യൂമാന്‍സ് ഹൈസ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പൂര്‍ത്തികരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മൈനർ സെമിനാരിയില്‍ 1961-ൽ വൈദിക പരിശീലനം ആരംഭിച്ചു. പിന്നീട് സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.
1972 ഡിസംബർ 18 – ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടറായും, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീട് കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും അദ്ദേഹം സേവനമനുഷ്ടിച്ചു.
1996 ഡിസംബർ 18-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2-ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. 2011 മേയ് 26-ന് മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ പിന്‍ഗാമിയായി സീറോ-മലബാർ മേജര്‍ ആര്‍ച്ചു ബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഫെബ്രുവരി 18-ന് അദ്ദേഹംകർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
ഭൂമി വിവാദം, ഏകീകൃത കുർബാനയർപ്പണം എന്നീ വിഷയങ്ങളാൽ പ്രക്ഷുബ്ദമായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാലയളവ്. 2023 ഡിസംബർ 7 – ന് താൻ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.