രാജ്യത്തെ ഗാര്‍ഹിക പീഡന കേസുകള്‍ കൂടുതലും കേരളത്തിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 473 കേസുകളാണ്. ഇതില്‍ 376 ഉം കേരളത്തിലാണ്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്. രണ്ടാമതുള്ള ജാര്‍ഖണ്ഡില്‍ 67 കേസുകളും മൂന്നാമതുള്ള മധ്യപ്രദേശില്‍ 10 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റ് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നല്‍കാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദര്‍ക്ക് അഭിപ്രായമുണ്ട്.
എന്നാല്‍ കേരളത്തിലെ ഈ കണക്കുകള്‍ ഒട്ടും ആശങ്കാ ജനകമല്ലെന്നും സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ കുറഞ്ഞ ഗാര്‍ഹിക പീഡന നിരക്കും ഉയര്‍ന്ന സ്ത്രീധന മരണ നിരക്കും ഇതാണ് സൂചിപ്പിക്കുന്നത്.